വാഷിങ്ടൻ: ഹമാസിന് ഭീഷണിയുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിപ്പിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിന്റെ താക്കീത്. 20നാണ് യുഎസിന്റെ 47ആം പ്രസിഡണ്ടായി ട്രംപ് അധികാരമേൽക്കുന്നത്. ഫ്‌ളോറിഡയിലെ മാർ അ ലാഗോയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
”ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്‌ജന ശ്രമങ്ങളിൽ ഇടപെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിന് മുൻപ് ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇത് ഹമാസിന് ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. അവരെ നേരത്തെതന്നെ വിട്ടയക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്‌ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു”- ട്രംപ് പറഞ്ഞു.
അതേസമയം, ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് മധ്യപൂർവേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതൻ ചാൾസ് വിറ്റ്‌കോഫ് പറഞ്ഞു. ”എന്താണ് വൈകുന്നതെന്ന് ഇപ്പോൾ ഞാൻ പറയുന്നില്ല. ട്രംപ് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഈ അനുരഞ്‌ജനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്ക് പോവുകയാണ്. ട്രംപ് അധികാരമേൽക്കുമ്പോൾ മികച്ച ഒരു വാർത്ത പറയാനുണ്ടാകും”- വിറ്റ്‌കോഫ് പറഞ്ഞു.
2023 ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം ആരംഭിച്ചത്. ഏറ്റുമുട്ടലിൽ 1208 ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടതായാണ് എഎഫ്‌പിയുടെ റിപ്പോർട്. ആക്രമണത്തിനിടെ ഹമാസ് 251 പേരെ ബന്ദികളാക്കിയതായാണ് വിവരം. ഇവരിൽ കുറേപ്പേർ മരിച്ചുവെന്നും 97 പേർ ഗാസയിൽ ഉണ്ടെന്നുമാണ് സൂചന.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം