വാഷിങ്ടൻ: യുഎസിലെ അലാസ്‌കയിൽ വെച്ച് നടന്ന ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു. ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്‌ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിൽ എത്തിയെന്നും എന്നാൽ അന്തിമകരാറിൽ എത്തിയില്ലെന്നും ട്രംപ് പറഞ്ഞു.
ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുട്ടിനും പ്രതികരിച്ചു. യുക്രൈൻ സഹോദര രാജ്യമാണ്. എന്നാൽ റഷ്യയ്‌ക്ക് പല ആശങ്കകളുണ്ട്. സെലൻസ്‌കി സർക്കാരാണ് അതിലൊന്നെന്നും പുട്ടിൻ പറഞ്ഞു.
അടുത്ത ചർച്ച മോസ്‌കോയിലാകാമെന്നും പുട്ടിൻ ട്രംപിനോട് പറഞ്ഞു. അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്- റിച്ചാഡ്‌സണിൽ നടന്ന ചർച്ചയിൽ ട്രംപിനൊപ്പം സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്‌കോഫ് എന്നിവരും പങ്കെടുത്തു. പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്, വിദേശകാര്യ നയവിദഗ്‌ധൻ യൂറി ഉഷകോവ് എന്നിവരും പങ്കെടുത്തു.
മൂന്നര വർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് ട്രംപും പുട്ടിനും തമ്മിൽ ചർച്ച നടത്തിയത്. ആറുവർഷത്തിന് ശേഷമാണ് ഇരുവരും നേരിട്ട് കാണുന്നത്. ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളുടെ ഭാവി തീരുമാനങ്ങളെ കൂടി സ്വാധീനിക്കുന്ന നിർണായക കൂടിക്കാഴ്‌ചയാണ് നടന്നത്. തീരുവ വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താൽപര്യങ്ങളെ അലാസ്‌ക കൂടിക്കാഴ്‌ച എങ്ങനെ ബാധിക്കും എന്നത് നിർണായകമാണ്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി