കൊച്ചി: ഡോ. സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനുകൂല്യങ്ങൾ ഉടൻ നൽകാനുള്ള വിധി.
ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്‌ഥാനത്ത് നിന്ന് വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും സിസ തോമസിന് ഗ്രാറ്റുവിറ്റിയും വിരമിക്കൽ അനുകൂല്യങ്ങളും നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ഇതേത്തുടർന്ന്, സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും വിരമിക്കുമ്പോഴുള്ള ബാധ്യതകൾ തീർക്കുന്നത് സംബന്ധിച്ച കാര്യങ്ങളുമാണ് തടസമായി നിൽക്കുന്നതെന്ന് സർക്കാർ വിശദീകരണം നൽകിയിരുന്നു. എന്നാൽ, ഇത്തരമൊരു വാദം തങ്ങൾ ആദ്യമായാണ് കേൾക്കുന്നതെന്ന് പറഞ്ഞ കോടതി, ഇക്കാര്യങ്ങളൊക്കെ സർവീസിലുള്ളപ്പോൾ തീർക്കേണ്ടതല്ലേ എന്നും ചോദിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി അവർ ഇതിന്റെ പിന്നാലെ നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിരമിക്കുന്നതിന് തലേന്ന് പോലും കാരണം കാണിക്കൽ നോട്ടീസ് നൽകിയ സർക്കാർ നടപടിക്ക് കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇത്രയുംകാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവർക്ക് ജീവിക്കാനുള്ള തുകയല്ലേ പെൻഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ എന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. 2023 മാർച്ച് 31നാണ് ഡോ. സിസ തോമസ് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചത്. എന്നാൽ, അച്ചടക്ക നടപടിയുടെ പേരിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവെക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്‌ത് സിസ തോമസ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലിനെ സമീപിക്കുകയും അനുകൂലവിധി നേടിയെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ, അതിന് ശേഷവും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറായില്ല. തുടർന്ന് സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!