തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ ഡിഎംഇ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ശസ്‌ത്രക്രിയ മുടക്കിയിട്ട് തനിക്കെന്ത് കാര്യമാണുള്ളതെന്ന് ഹാരിസ് ചോദിച്ചു.
മറ്റൊരു ഡോക്‌ടറുടെ പക്കലുണ്ടായിരുന്ന ഉപകരണം ഉപയോഗിച്ചാണ് അടുത്തദിവസം ശസ്‌ത്രക്രിയ നടത്തിയത്. അത് വകുപ്പിന്റെ ഉപകരണമല്ല. ശസ്‌ത്രക്രിയ മുടക്കി എന്ന് പറയുന്നത് അവഹേളിക്കുന്നതിനു തുല്യമാണ്. ഉപകരണങ്ങൾ കൃത്യസമയത്ത് എത്തിക്കാതെ എന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നത് കുറ്റകരമായാണ് തോന്നുന്നത്.
ഇപ്പോഴും പല മെഷീനുകളുടെയും അപര്യാപ്‌തതയുണ്ട്. അഭിപ്രായങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് മാറ്റില്ല. നടപടികളെ പേടിച്ച് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മറുപടി എഴുതി ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് കൊടുക്കുമെന്നും മറ്റാർക്കും അറിയാൻ കഴിയില്ലെന്നും ഹാരിസ് വ്യക്‌തമാക്കി. വിദഗ്‌ധ സമിതിയുടെ അന്വേഷണ റിപ്പോർട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.
പ്രോബ് എന്ന ഉപകരണം ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിട്ടും ഡോ. ഹാരിസ് ശസ്‌ത്രക്രിയ മുടക്കിയെന്നാണ് വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. എന്നാൽ, ഉപകരണം ഇല്ലായിരുന്നു എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹാരിസ് പറഞ്ഞു. ഇക്കാര്യം പല തവണ അധികൃതരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്‌ത്രക്രിയകൾ നിരന്തരം മാറ്റിവയ്‌ക്കുകയാണെന്നായിരുന്നു ഡോ. ഹാരിസ് ഹസൻ വെളിപ്പെടുത്തിയത്. സർക്കാർ സംവിധാനങ്ങളിലെ വീഴ്‌ചയെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഹാരിസ് തുറന്നടിച്ചത്. കുറിപ്പ് വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്‌റ്റ് പിൻവലിച്ചിരുന്നു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി