തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. തന്നെ കുടുക്കാനും പിന്നിൽ നിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ.
കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചത്. പിന്നാലെ മാദ്ധ്യമങ്ങൾക്ക് മുന്നിലും ഹാരിസ് ഈ ആരോപണം ആവർത്തിച്ചു. മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചെന്നും കാലം അവർക്ക് മാപ്പ് നൽകട്ടേയെന്നും സന്ദേശത്തിൽ ഹാരിസ് പറഞ്ഞു.
ഇതിന് പിന്നാലെ ചിലരെ ഗ്രൂപ്പിൽ നിന്ന് മാറ്റാൻ കെജിഎംസിടിഎ ഭാരവാഹികൾ തീരുമാനിച്ചു. 30 വർഷത്തിലധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും ജോലി ചെയ്‌തവരുമാണ് ഉപദ്രവിച്ചതെന്നും അവർ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ഹാരിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും തന്റെ കാര്യം വിശദീകരിക്കാൻ വാർത്താസമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരു കുഴപ്പവുമില്ല എന്നുമാണ് തന്നോട് പറഞ്ഞത്. പിന്നീടാണ് ട്വിസ്‌റ്റ് നടന്നത്. വിശദീകരണം ചോദിക്കാതെയാണ് അവർ വാർത്താ സമ്മേളനം വിളിച്ചത്.
പരിചയമില്ലാത്ത ഉപകരണം മുറിയിൽ കണ്ടെങ്കിൽ അവർക്ക് തന്നോട് ചോദിക്കാമായിരുന്നു. താൻ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. വിളിച്ചിരുന്നെങ്കിൽ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്നോട് ചോദിച്ചില്ല. വകുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹായം വേണം. ഉപകരണത്തിനും മറ്റു സൗകര്യത്തിനും സൂപ്രണ്ടിന്റെയും പ്രിൻസിപ്പലിന്റെയും സഹകരണം ആവശ്യമാണെന്നും ഹാരിസ് പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്‌ത്രക്രിയകൾ നിരന്തരം മാറ്റിവയ്‌ക്കുകയാണെന്നായിരുന്നു ഡോ. ഹാരിസ് ഹസൻ വെളിപ്പെടുത്തിയത്. സർക്കാർ സംവിധാനങ്ങളിലെ വീഴ്‌ചയെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഹാരിസ് തുറന്നടിച്ചത്. കുറിപ്പ് വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്‌റ്റ് പിൻവലിച്ചിരുന്നു.
പിന്നാലെ വിവാദങ്ങൾ ഒന്നൊന്നായി തലപൊക്കി. തുടർന്ന് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. മെഡിക്കൽ കോളേജിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം മോഷണം പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലായിരുന്നു ഇക്കാര്യം രേഖപ്പെടുത്തിയിരുന്നത്. ഇത് ഹാരിസിനെ പ്രതിക്കൂട്ടിൽ നിർത്തി. എന്നാൽ, ഉപകരണം പിന്നീട് കണ്ടെത്തി. ഇതേത്തുടർന്ന് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താ സമ്മേളനം നടത്തി. ഉപകരണം കണ്ടെത്തിയതിൽ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാർത്താ സമ്മേളനം.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി