കോഴിക്കോട്: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്‌ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്‌റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്‌ജി എന്നിവരാണ് മരിച്ചത്.
വൈകീട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് വന്ന കർണാടക റജിസ്‌ട്രേഷൻ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പാടെ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിവരുമ്പോൾ അമിതവേഗത്തിൽ വരികയായിരുന്ന വാൻ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാൻപോയ അതേ ദിശയിലേക്കാണ് കാറും പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയത്. കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കുമുള്ള പരിക്കുകളുടെ അവസ്‌ഥ വ്യക്‌തമല്ല. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KERALA | നിപ; ആറുപേർക്ക് രോഗലക്ഷണങ്ങൾ