വയനാട്: ലഹരി പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ. വയനാട് ബാവലി ചെക്ക്പോസ്‌റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്.
കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരികടത്തിന്റെ പ്രധാന വാതിലുകളിൽ ഒന്നാണ് ബാവലി ചെക്ക്‌പോസ്‌റ്റ്. ഇതുവഴിയെത്തിയ സ്‌കൂട്ടർ യാത്രികൻ പരിശോധന കണ്ട് പെട്ടെന്ന് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്‌ഥന് നേരെ പാഞ്ഞടുക്കുകയും അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുകയും ആയിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ ഉദ്യോഗസ്‌ഥന്റെ മൂന്ന് പല്ലുകൾ നഷ്‌ടപ്പെടുകയും താടിയെല്ലിന് പൊട്ടൽ ഉൾപ്പടെ സാരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
സ്‌ഥിര ലഹരി കടത്തുന്നയാളും മുൻപും ഇത്തരം കേസുകളിൽ പ്രതിയുമായിട്ടുള്ള അഞ്ചാംമൈൽ സ്വദേശി ഹൈദറാണ് ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തിയ ശേഷം കടന്നുകളഞ്ഞത്. ഹൈദറിനെ തിരിച്ചറിഞ്ഞ എക്‌സൈസ് ഉദ്യോഗസ്‌ഥർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയ്‌ക്ക് ഒടുവിലാണ് ഇയാളെ പിടികൂടിയത്. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് ബാവലി ചെക്ക്‌പോസ്‌റ്റ് വഴി കേരളത്തിലേക്ക് വ്യാപകമായി ലഹരി എത്തുന്നത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ