പാലക്കാട്: അതിർത്തികൾ കടന്ന് എംഡിഎംഎ ഉൾപ്പടെയുള്ള വൻ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്നതിന്റെ പശ്ചാത്തലത്തിൽ വാളയാറിൽ എക്സൈസ് പരിശോധന കൂട്ടി. കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന ചെറുവഴികളും ചെക്ക്പോസ്റ്റുകളും കേന്ദ്രീകരിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
ഒരാഴ്ചക്കിടെ അരക്കോടി വിലവരുന്ന എംഡിഎംഎയാണ് വാളയാറിൽ നിന്ന് മാത്രം എക്സൈസ് പിടികൂടിയത്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കടത്തുകാർ പൊതുഗതാഗതം വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഈ സാധ്യത പ്രകാരം തമിഴ്നാട്-കേരള ആർടിസി ബസുകൾ എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധിക്കും. കൂടാതെ യാത്രക്കാരുടെ വിവരങ്ങളും രേഖപെടുത്തുന്നുണ്ട്. കടത്തുകാർ വിദ്യാർഥികൾ എന്ന വ്യാജേനയും യാത്ര ചെയ്യുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
ഇതും പരിശോധനാ പരിധിയിൽ കൊണ്ടുവരും. കഴിഞ്ഞ ദിവസങ്ങളിൽ വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസും പോലീസും ചേർന്ന് കൂടിയ അളവിൽ എംഡിഎംഎ പിടികൂടിയിരുന്നു. പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടികൂടുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ ചെക്ക്പോസ്റ്റിൽ നിയോഗിച്ചിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ തമിഴ്നാട് എക്സൈസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
Most Read: പുതുച്ചേരിയിൽ കർശന നിയന്ത്രണം; പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം







































