തിരുവനന്തപുരം: ലോഡ്ജിൽ പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജിൽ ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. ലോഡ്ജിലെ 104ആം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസും സിറ്റി നാർകോട്ടിക്സ് സെല്ലും ഇവിടെ പരിശോധയ്ക്ക് എത്തി. പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളത്തിനിടെ രണ്ടുപേർ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപെട്ടു. മുറിയിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പടക്കമേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തിരുവനന്തപുരം കടയ്ക്കൽ നെടുങ്കാട് സ്വദേശി രജീഷ് (22), വെള്ളായണി സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും രണ്ടുഗ്രാം എംഡിഎംഎയും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽ ഫോണുകളും രണ്ട് വെട്ടുകത്തികളും കണ്ടെടുത്തു.
ലോഡ്ജിൽ തങ്ങിയിരുന്നവർ നഗരത്തിലെ ലഹരിമരുന്ന് കച്ചവടക്കാരാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്തവർ കരമന പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Also Read: സംസ്ഥാനത്തിന്റെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; പ്രതിപക്ഷ നേതാവ്








































