കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടിയാണ് വീടുകൾ തോറും കയറിയിറങ്ങി പദ്ധതിയെ പറ്റി വിശദീകരണം നൽകുന്നതെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്‌തമാക്കി.
പദ്ധതിയുടെ ആവശ്യം, അതിന്റെ പ്രാധാന്യം എന്നിവ വിശദീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നൽകും. ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർ ലൈൻ പദ്ധതിയുടെ ബോധവൽക്കരണം നടത്തുന്നത്. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ സനോജ് കണ്ണൂരിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ ജില്ലയിലെ പ്രാദേശിക നേതൃത്വവും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്‌തമായതോടെ സംസ്‌ഥാനത്ത് സർവേ നടപടികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഇന്ന് സംസ്‌ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചു. കൂടാതെ പ്രതിഷേധം ശക്‌തമായതിനാൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് ഏജൻസി കെ റെയിലിനെ അറിയിച്ചിരിക്കുന്നത്.
Read also: സിൽവർ ലൈൻ; മുഖ്യമന്ത്രി നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണം; കെ സുരേന്ദ്രൻ






































