കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‌പിമാർക്ക് സ്‌ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ, വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദ് എന്നിവരെയാണ് മാറ്റിയത്.
സംസ്‌ഥാനത്ത് 23 ഡിവൈഎസ്‌പിമാരെയും രണ്ട് പ്രമോഷൻ ഡിവൈഎസ്‌പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമായാണ് ഈ സ്‌ഥലം മാറ്റങ്ങൾ. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ എസിപിയായും സുനിൽ കുമാറിനെ ക്രൈം ബ്രാഞ്ച് (കോഴിക്കോട് സിറ്റി) എസിപിയായുമാണ് മാറ്റിയത്.
കോഴിക്കോട് വിജിലൻസ് ഇൻസ്‌പെക്‌ടർ എംപി രാജേഷിനെ സ്‌ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്‌പിയായും കോഴിക്കോട് മെഡിക്കൽ കോളേജ് ഡിവിഷൻ എസിപി. എ. ഉമേഷിനെ വടകര ഡിവൈഎസ്‌പിയായും നിയമിച്ചു. എംപിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ പ്രകടനം ഉൾപ്പടെ നടത്തിയിരുന്നു.
Most Read| ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ; ഹമാസിന് മുന്നറിയിപ്പ്








































