ആത്‌മകഥയിലെ വിവരങ്ങൾ പുറത്ത്; പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങൾ- നിഷേധിച്ച് ഇപി 

പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്‌മകഥയിൽ പറയുന്നതായാണ് റിപ്പോർട്.

By Senior Reporter, Malabar News
EP Jayarajan
Ajwa Travels

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥ വിവാദത്തിൽ. പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങളാണ് ആത്‌മകഥയിൽ ഉള്ളതെന്നാണ് വിവരം. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്‌മകഥയിൽ പറയുന്നതായാണ് റിപ്പോർട്.

‘കട്ടൻചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്‌റ്റിന്റെ കഥ’ എന്ന ആത്‌മകഥയിലെ ഭാഗങ്ങളാണ് പ്രചരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്‌മകഥയായി പ്രചരിക്കുന്ന പുസ്‌തക ഭാഗങ്ങളിലുള്ളത്. എന്നാൽ, പ്രചരിക്കുന്നത് തന്റെ ആത്‌മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി.

പുസ്‌തകത്തിലെ പ്രധാന ഭാഗങ്ങൾ: തൃശൂർ ഗസ്‌റ്റ്‌ ഹൗസിലും ഡെൽഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചർച്ച നടത്തി എന്നാണ് അവർ ആവർത്തിച്ച് പറയുന്നത്. ഒരുതവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിന് മുൻപോ ശേഷമോ ഫോണിൽ പോലും സംസാരിച്ചിട്ടില്ല.

മകനെ എറണാകുളത്ത് വെച്ച് ഒരു വിവാഹച്ചടങ്ങിനിടെ കണ്ടപ്പോൾ ശോഭാ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഒന്നും രണ്ടും തവണ ശോഭ വിളിച്ചെങ്കിലും മകൻ ഫോണെടുത്തില്ല. മകന്റെ ഫോണിലേക്കാണ് ജാവ്‌ദേക്കർ വിളിച്ചത്. അച്ഛൻ അവിടെ ഉണ്ടോ എന്ന് ചോദിച്ചു. അൽപ്പം കഴിയുന്നതിന് മുൻപ് ഫ്‌ളാറ്റിലെത്തി. ഈ വഴി വന്നപ്പോൾ കണ്ടുകളയാമെന്ന് കരുതിയാണ് വന്നതെന്ന് പറഞ്ഞു.

എല്ലാ രാഷ്‌ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ച എന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റിൽ കൂടുതൽ കൂടിക്കാഴ്‌ച നീണ്ടുനിന്നില്ല. എൽഡിഎഫ് കൺവീനർ സ്‌ഥാനം നഷ്‌ടപ്പെട്ടതിൽ പ്രയാസം മറച്ചു വെക്കുന്നില്ലെന്ന് ഇപി പറയുന്നു. പദവി നഷ്‌ടപ്പെട്ടതിലല്ല, പാർട്ടി മനസിലാക്കാത്തതിലാണ് പ്രയാസം. അന്തിമതീരുമാനം ഉണ്ടാകേണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്.

പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്‌ട്രീയത്തെ കുറിച്ച് പറയുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്‌ഥാനാർഥിയുടെ കാര്യവും ചർച്ചയാകും. പി സരിൻ തലേദിവസം വരെ യുഡിഎഫ് സ്‌ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കുമെന്നത് നേര്. സ്വതന്ത്രൻ പലഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദർഭങ്ങളും നിരവധി. പിവി അൻവർ അതിലൊരു പ്രതീകമാണ്.

അതേസമയം, പ്രചരിക്കുന്നത് തന്റെ ആത്‌മകഥയല്ലെന്നാണ് ഇപിയുടെ പ്രതികരണം. ആത്‌മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ അകര്യങ്ങൾ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിൽ, പുറത്തുവന്ന കാര്യങ്ങൾ ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങൾ എഴുതി. ഇന്ന് 10.30ന് പുസ്‌തകം പ്രസിദ്ധീകരിക്കുമെന്നാണ് വാർത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്ത സൃഷ്‌ടിക്കാൻ മനഃപൂർവം ചെയ്‌തതാണ്‌. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്‌തകം ഇറങ്ങുമ്പോൾ കാര്യങ്ങൾ വ്യക്‌തമാകും- ഇപി ജയരാജൻ പ്രതികരിച്ചു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE