മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ പല സങ്കീർണാവസ്‌ഥകളും സൃഷ്‌ടിക്കുന്നതായി നമുക്കറിയാം. ഇതേക്കുറിച്ച് വിദഗ്‌ധർ പലപ്പോഴും മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതോർത്ത് ആശങ്കപ്പെടുകയല്ലാതെ കുട്ടികളെ പിന്തിരിപ്പിക്കാൻ നമുക്ക് പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം.
വളരെ ചെറുപ്രായത്തിൽ കുട്ടികൾ സ്‍മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് അവരിൽ ആത്‍മഹത്യാ ചിന്ത അടക്കമുള്ള പല മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഒരുലക്ഷത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോർട് ജേണൽ ഓഫ് ഹ്യൂമൻ ഡവലപ്പ്മെന്റ് ആൻഡ് കേപ്പബിലിറ്റീസിലാണ് പ്രസിദ്ധീകരിച്ചത്.
അഞ്ചോ ആറോ വയസുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങിയ കുട്ടികളിൽ 31 ശതമാനവും പിൻക്കാലത്ത് ആത്‍മഹത്യാ ചിന്തകൾ ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. 14 വയസുവരെ കുട്ടികൾക്ക് മൊബൈൽ നൽകാനേ പാടില്ലെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ താര ത്യാഗരാജൻ പറയുന്നു.
കുട്ടികളിൽ അമിത ദേഷ്യം, വിരക്‌തി, അക്രമസ്വഭാവം, വിഷാദരോഗം, പഠനത്തോട് വെറുപ്പ്, അമിത മാനസിക സമ്മർദ്ദം പോലുള്ള പ്രശ്‌നങ്ങൾക്കും മൊബൈൽ കാരണമാകുമെന്ന് പഠന റിപ്പോർട് പറയുന്നു. ഇത് ലഹരി ഉപയോഗിക്കുന്നതിന് തുല്യമാണെന്നും പറയുന്നു.
14 വയസിന് ശേഷം സ്‍മാർട്ട് ഫോൺ നൽകിയാലും ഇന്റർനെറ്റ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെ കുറിച്ചും സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ചും മാതാപിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കേണ്ടതാണെന്നും പഠനറിപ്പോർട് നിർദ്ദേശിക്കുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!