തിരുവനന്തപുരം: കള്ളപ്പണ ആരോപണത്തിൽ പാണക്കാട് കുടുംബത്തിന് ക്ളീൻ ചിറ്റ് നൽകിയും പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും കെടി ജലീൽ. ചന്ദ്രികയുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഒരു തെറ്റും ചെയ്യാത്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരായ നോട്ടീസ് ഇഡി പിൻവലിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ എആർഐ നഗർ സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ചും ചോദ്യോത്തര വേളയിൽ ജലീൽ ആരോപണം ഉന്നയിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. ചോദ്യോത്തര വേളയെ വ്യക്തിപരമായ ആക്ഷേപത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ജലീലിനെ ചോദ്യം ചെയ്തു.
കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ചോദ്യോത്തര വേളയിൽ ജലീൽ തുടക്കമിട്ടിരുന്നു. ചോദ്യത്തിന് മറുപടി പരിശോധിച്ചതിന് ശേഷം പറയാമെന്നായിരുന്നു സഹകരണമന്ത്രിയുടെ മറുപടി. വാർത്താസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തെ ചതിച്ചെന്നും ജലീൽ ആരോപിച്ചു. പാണക്കാട് തങ്ങൾക്കുള്ള നോട്ടീസ് പിൻവലിച്ച് ഇഡി നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് അയക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിച്ചതിൽ പാണക്കാട് കുടുംബത്തിന് പങ്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇഡിയോട് സമ്മതിക്കണം. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തുന്ന പ്രശ്നത്തിൽ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നും ജലീൽ അവകാശപ്പെട്ടു.
Also Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എതിർ സത്യവാങ്മൂലം സമർപ്പിച്ച് സിബിഐ







































