തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം.
കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാക്ക് അധിനിവേശ കശ്‌മിരിനെ ‘ആസാദ് കശ്‌മിർ’ എന്നും കശ്‌മിർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്‌മിർ’ എന്നും വിശേഷിപ്പിച്ചു ജലീൽ ഫേസ്ബുക് പോസ്‌റ്റിട്ടിരുന്നു. കേസിന് ആസ്‌പദമായ ഈ പോസ്‌റ്റ് വിവാദമായപ്പോൾ ഇദ്ദേഹം പിൻവലിച്ചിരുന്നു.
ജലീൽ പോസ്‌റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ ഫയൽ പലരും ഡൗൺലോഡ് ചെയ്‌ത് സൂക്ഷിച്ചതിനാൽ കേസിൽ തെളിവായി ഇത് ഉപയോഗിക്കാം. കശ്‌മിരിലേക്ക് നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നതായിരുന്നു ജലീലിന്റെ പോസ്‌റ്റ്. ‘ആസാദ് കശ്‌മിർ’ എന്ന പ്രയോഗം പാകിസ്‌ഥാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. ഈ പ്രയോഗം പാകിസ്‌ഥാൻ നിലപാടിനോട് യോജിച്ച് പോകുന്നതെന്നാണ് ഉയരുന്ന വിമർശനം.
ജലീലിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ല. പിന്നാലെ അരുൺ കോടതിയെ സമീപിച്ചു. കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. തുടർന്നാണ് തിരുവല്ല കോടതി കേസ് പരിഗണിച്ചതും കേസെടുക്കാൻ പൊലീസിനോട് ഉത്തരവിടുന്നതും.
ഇതേ സംഭവത്തിൽ ജലീലിനെതിരെ മറ്റൊരു കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജിഎസ് മണി, തിലക് നഗർ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണിത്.
ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. ഇവരുടെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഈ പരാതിയിൽ നടപടി സ്വീകരിക്കുക. ഇതിനിടെ, വിവാദ പരാമർശത്തിന്റെ പേരിൽ ജലീലിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിനു നടപടി ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎ സ്‌പീക്കർക്ക് കത്തും നൽകിയിട്ടുണ്ട്.
Most Read: ഡെൽഹിയിൽ കർഷക പ്രധിഷേധം ആരംഭിച്ചു; 144 ഏര്‍പ്പെടുത്തി കേന്ദ്രം