കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴികളിൽ വ്യക്തത ഉണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാസുവിന് ഇഡി നോട്ടീസ് നൽകും. ഇന്നലെ ഏഴ് മണിക്കൂറോളമാണ് വാസുവിനെ ഇഡി ചോദ്യം ചെയ്തത്. സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്നത് സംബന്ധിച്ച് വാസു കൃത്യമായി മറുപടി നൽകിയില്ല എന്നാണ് ഇഡി പറയുന്നത്.
പാളികളിൽ പൂശിയതിന്റെ ബാക്കി സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും ഇഡി വിലയിരുത്തുന്നു. എൻ. വാസു സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇഡി സംശയിക്കുന്നത്. പോറ്റിയുമായുള്ള ബന്ധത്തിലും കൂടുതൽ അന്വേഷണം നടക്കും.
അതേസമയം, തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി തന്ത്രിക്ക് നോട്ടീസ് അയച്ചത്. ഫെബ്രുവരി 18നായിരുന്നു തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം, കട്ടിളപ്പാളി കേസുകളിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ. വാസുവിന് ഫെബ്രുവരി 11നാണ് ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചത്. 2019 നവംബർ മുതൽ രണ്ടുവർഷമാണ് വാസു ദേവസ്വം ബോർഡ് പ്രസിഡണ്ടായി പ്രവർത്തിച്ചത്. ഇതിന് മുൻപ് 2018 ഫെബ്രുവരി മുതൽ 2019 മാർച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവർത്തിച്ചിരുന്നു. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു വാസുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം








































