തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. സിപിഎം ഭരണസമിതി നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആണ് സിപിഎമ്മിനെ വെട്ടിലാക്കിയുള്ള ഇഡി റെയ്‌ഡ്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്‌മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്‌റ്റിലായിരുന്നു.
34.26 കോടി രൂപ ലോൺ നൽകിയ വകയിൽ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്‌ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുള്ളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപക പദ്ധതിയിൽ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതിൽ 4.83 കോടി രൂപയ്‌ക്ക് മാത്രമേ രേഖകളുള്ളൂ.
മുൻ സെക്രട്ടറിമാരായ എസ് ബാലചന്ദ്രൻ നായർ 20.76 കോടി രൂപയുടെയും എആർ രാജേന്ദ്ര കുമാർ 31.63 കോടി രൂപയുടെയും എസ്എസ് സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. കഴിഞ്ഞ പത്തുവർഷത്തെ ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും നഷ്‌ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു.
പല ഭരണസമിതി അംഗങ്ങളും മൂന്ന് കോടിയോളം രൂപ ബാങ്കിന് നഷ്‌ടം ഉണ്ടാക്കിയിരുന്നു. നിക്ഷേപം അമിതമായി ലഭിക്കാൻ സ്‌ഥിര നിക്ഷേപത്തിന് അധിക പലിശ നൽകുകയും വേണ്ടപ്പെട്ടവർക്ക് രേഖകളില്ലാതെ വായ്‌പ അനുവദിക്കുകയും ചെയ്‌തതാണ് വലിയ ബാധ്യതയുണ്ടാക്കിയത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി








































