ന്യൂഡെൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡെൽഹിയിലെയും മുംബൈയിലെയും സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്. 2017-19 കാലത്ത് യെസ് ബാങ്കിൽ നിന്ന് 3000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം.
വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്‌ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തി. 25ൽ അധികം പേരെ ചോദ്യം ചെയ്‌തു. 35 ഇടങ്ങളിലായാണ് പരിശോധന.
ബാങ്കുകളുടെയും ഓഹരികളുടെയും നിക്ഷേപകരുടെയും മറ്റു പൊതു സ്‌ഥാപനങ്ങളെയും കബളിപ്പിച്ച് ജനങ്ങളുടെ പണം തട്ടിയെടുക്കാൻ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മുതിർന്ന ബാങ്ക് ഉദ്യോഗസ്‌ഥർക്ക് ഉൾപ്പടെ കൈക്കൂലി നൽകിയെന്നാണ് സംശയിക്കുന്നത്. യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നപ്പോൾ വായ്‌പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്‌ഥാന മന്ദിരം ഉൾപ്പടെയുള്ള ഓഫീസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാടെക്‌ചറിന് അനുവദിച്ച ഏകദേശം 2892 കോടി രൂപയുടെ വായ്‌പ തിരിച്ചടക്കാത്തതായിരുന്നു ഇതിന് കാരണം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!