കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോഴിക്കോട് ചേവായൂർ പോലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ, പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എംആർ അജിത്ത് കുമാർ അറിയിച്ചിരുന്നു. ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഇന്ന് പ്രതിയിൽ നിന്ന് ചോദിച്ചറിയാനാണ് ലക്ഷ്യം. തുടർന്ന് വിവിധയിടങ്ങളിൽ തെളിവെടുപ്പും നടത്തും. 11 ദിവസത്തേക്കാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലി ഉൾപ്പടെ തയ്യാറാണ്. പോലീസ് കസ്റ്റഡിയിൽ തുടരവേ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും.
തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റെയിൽവേ പോലീസ് സമർപ്പിച്ച എഫ്ഐആറിൽ ഷാരൂഖിനെതിരേ ഐപിസി 302 വകുപ്പാണ് ചുമത്തിയിട്ടുള്ളത്. തീവണ്ടിയിലെ തീവെപ്പിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്.
Most Read: കോവിഡ് വ്യാപനം; സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം