ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനാണ് യോഗം ചേരുന്നത്. ആശുപത്രി സൗകര്യം, വാക്‌സിനേഷൻ തോത്, പ്രതിരോധ നടപടികൾ എന്നിവയാണ് സംസ്‌ഥാനങ്ങൾ അവലോകനം ചെയേണ്ടത്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ സംസ്‌ഥാനങ്ങളിലും മോക്ക്ഡ്രിൽ നടത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്‌ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനം തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്നും നാളെയുമായി അവലോകന യോഗങ്ങൾ നടക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രികളിൽ മോക്ക്ഡ്രില്ലുകൾ നടത്തണം. മോക്ക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യമന്ത്രിമാർ സന്ദർശിക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടണം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ഡെൽഹി, മുംബൈ അടക്കമുള്ള നഗരങ്ങളിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പുതിയ കോവിഡ് കേസുകളാണ് സ്‌ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ഏഴു മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Most Read: പ്രധാനമന്ത്രി ഈ മാസം 25ന് കേരളത്തിൽ; ‘യുവം’ സംവാദ പരിപാടിയിൽ പങ്കെടുക്കും