മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിന് കീഴടങ്ങി. ഇതോടെ, മരിച്ചവരുടെ എണ്ണം പത്തായി. അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ചികിൽസയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു മരണം.
മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മരിച്ച സാജിദയുടെ മകൻ 11 വയസുകാരനായ സഹദീൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതി ഉള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 17ന് വൈകീട്ട് 5.20നായിരുന്നു അപകടം. വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം.
ചുരത്തിലെ 13ആം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിലിടിച്ച് പലവട്ടം കീഴ്മേൽ മറിഞ്ഞാണ് ഒമ്പതാം വളവിലേക്ക് പതിച്ചത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നിരുന്നു. പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികരായ റംലത്ത് (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), സമീപ സ്കൂളിലെ അധ്യാപികയായ ഷക്കീന (37) എന്നിവരാണ് നേരത്തെ മരിച്ചത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































