ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. കൊച്ചിയിൽ അന്നേ ദിവസം നടക്കുന്ന ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും കേരളത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് യുവം സമ്മേളനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് അനിൽ ആന്റണിയെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കൾ ബന്ധപ്പെട്ടത്.
അതിന് ശേഷം നടന്ന ചർച്ചകൾ അമിത് ഷാ ആണ് നിരീക്ഷിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബിജെപിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്റെ റോൾ എന്നാണ് സൂചന. അനിലിന്റെ ദേശീയ തലത്തിലെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. അതിനിടെ, ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്‌ഡിയും ബിജെപിയിൽ ചേർന്നു. ഇന്ന് ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് എത്തിയാണ് റെഡ്‌ഡി പാർട്ടി അംഗത്വം സ്വീകരിച്ചത്.
കോൺഗ്രസിൽ നിന്ന് രാജിവെച്ചു ഏതാനും ആഴ്‌ചകൾക്ക് പിന്നാലെയാണ് ഇദ്ദേഹം ബിജെപിയിൽ ചേർന്നത്. മാർച്ച് 11ന് ആണ് റെഡ്‌ഡി കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് നൽകിയത്. ആന്ധ്രാപ്രദേശ് വിഭജിച്ചു തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച കിരൺ കുമാർ 2014ലും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം, 2018 ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
Most Read: എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫി റിമാൻഡിൽ- ജില്ലാ ജയിലിലേക്ക് മാറ്റും