ടെൽ അവീവ്: വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാനിലെ ഭീകര ഭരണകൂടത്തിനുമേൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിനെ തുടർന്ന് അവർ ആക്രമണം നിർത്തിയെന്നും അതിനാൽ നിലവിൽ ഇസ്രയേൽ വെടിനിർത്തൽ പാലിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
എന്നാൽ, ഇറാൻ വീണ്ടും ആക്രമിച്ചാൽ വൻ തിരിച്ചടി നേരിടേണ്ടി വരും. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് വൻ യുദ്ധത്തിന്റെ വാക്കിൽ നിന്നും ഇരുരാജ്യങ്ങളും തൽക്കാലം പിൻവാങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ നല്ല ചർച്ചകളെ ബഹുമാനത്തോടെയും നന്ദിയോടെയും കാണുന്നുവെന്ന് പറഞ്ഞാണ് നെതന്യാഹു പ്രസ്താവന അവാസാനിപ്പിച്ചത്. ഇസ്രയേൽ കൊടുത്താൽ സംഘർഷങ്ങളിലേക്ക് പോയാൽ അമേരിക്കൻ പിന്തുണ നഷ്ടമാകുമെന്ന് ട്രംപ് നെതന്യാഹുവിന് ഫോൺ കോളിലൂടെ മുന്നറിയിപ്പ് നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നത്.
അതേസമയം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനുമേൽ സമ്പൂർണ വിജയം നേടുമെന്ന് ട്രംപ് വ്യക്തമാക്കി. ആണവക്കരാർ യാഥാർഥ്യമാകും, എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ റിപ്പബ്ളിക്കൻ പ്രൈമറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിറാലിയിലായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഞങ്ങൾ ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുനല്ല കരാർ ഉണ്ടാക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ എല്ലാം നൽകാൻ തയ്യാറാണ്. എന്നാൽ, ആണവായുധം നൽകില്ലെന്നും ട്രംപ് പറഞ്ഞു. ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയം പ്രഖ്യാപിക്കും. അത് ഒരു പരിപൂർണമായ വിജയമായിരിക്കും. വളരെ പെട്ടെന്നായിരിക്കും അത് സംഭവിക്കുക. അങ്ങനെയെങ്കിൽ എണ്ണവില കുത്തനെ താഴേക്ക് വരുമെന്നും ട്രംപ് വിശദമാക്കി.
Most Read| ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; നിരോധനം ലംഘിച്ചാൽ നടപടി





































