കൊച്ചി: കോഴിക്കോട് എലത്തൂർ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ട്രെയിനിന് തീയിട്ടത് പ്രതി ഷാരൂഖ് സെയ്‌ഫി ഒറ്റയ്‌ക്കാണെന്നും, ഇയാളെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങൾ തന്നെയാണെന്നും എൻഐഎ കൊച്ചി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഡെൽഹി സ്വദേശിയായ പ്രതി ആരും തിരിച്ചറിയാതിരിക്കാനാണ് കേരളം തിരഞ്ഞെടുത്തതെന്നും എൻഐഎ വ്യക്‌തമാക്കുന്നു.
2023 ഏപ്രിൽ രണ്ടാം തീയതി രാത്രിയാണ് ഷാരൂഖ് സെയ്‌ഫി എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്റെ ബോഗിയിൽ പെട്രോളൊഴിച്ചു തീയിട്ടത്. സംഭവത്തിൽ പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കും ചെയ്‌തിരുന്നു. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്‌ടനായി സമൂഹത്തിൽ ഭീകരാതെ സൃഷ്‌ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഡെൽഹിയിൽ നിന്ന് ഷാരൂഖ് സെയ്‌ഫി കേരളത്തിൽ എത്തിയതെന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്.
ഇയാൾ മാർച്ച് 30നാണ് ഡെൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഏപ്രിൽ രണ്ടിന് ഷൊർണൂരിൽ ഇറങ്ങിയ ഷാരൂഖ് സെയ്‌ഫി ഇവിടെ നിന്നാണ് തീയിടാൻ ആവശ്യമായ പെട്രോളും ലൈറ്ററും വാങ്ങിയത്. തുടർന്ന് എക്‌സിക്യൂട്ടീവ് ട്രെയിനിൽ കയറി എലത്തൂരിൽ എത്തിയപ്പോൾ ബോഗിക്ക് തീവെച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. തനിക്ക് പരിചയമില്ലാത്ത, തന്നെ തിരിച്ചറിയാത്ത സ്‌ഥലം എന്ന നിലയിലാണ് പ്രതി കേരളം തിരഞ്ഞെടുത്തത്. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ അവിടെ വെച്ചാണ് പിടികൂടിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഓൺലൈൻ പേജുകൾ വഴിയാണ് ഷാരൂഖ് സെയ്‌ഫി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്‌ടനായത്. കൂടാതെ, തീവ്ര ഇസ്‌ലാമിക ആശയങ്ങൾ പ്രകടിപ്പിക്കുന്ന ചില പ്രസംഗങ്ങളും പ്രതി പിന്തുടർന്നിട്ടുണ്ട്. ഇന്ത്യയിൽ ജിഹാദി പ്രവർത്തനങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്ന പാകിസ്‌ഥാൻ കേന്ദ്രീകരിച്ചുള്ള ഒരുവിഭാഗം ആളുകളുടെ പ്രസംഗങ്ങളിൽ വരെ പ്രതി ആകൃഷ്‌ടനായിട്ടുണ്ടെന്ന് ഷാരൂഖ് സെയ്‌ഫിയുടെ മൊബൈലും ഇലക്‌ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിൽ നിന്ന് വ്യക്‌തമായതാണ് കുറ്റപത്രത്തിൽ പറയുന്നു.
കൃത്യം ചെയ്‌ത ശേഷം തിരിച്ചു ഡെൽഹിയിലേക്ക് തന്നെ പോയി പഴയ ജീവിതം തുടരാനാണ് പ്രതി ഉദ്ദേശിച്ചിരുന്നത്. എങ്കിലും ഒരു തീവ്രവാദ പ്രവർത്തനം നടത്തിയെന്ന സന്തോഷം തനിക്ക് ലഭിക്കുമെന്ന് കരുതിയാണ് ഇത് ചെയ്‌തതെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
Most Read| തീവ്രവാദത്തിനും അക്രമത്തിനുമുളള കാനഡയുടെ അനുവാദം പ്രശ്‌നമാണ്; എസ് ജയശങ്കര്‍