ന്യൂഡെൽഹി: ഖലിസ്‌ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ പുതിയ പരാമർശങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിൽ എത്തിയിരിക്കുകയാണ് ജയശങ്കര്‍.
നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെയാണ് ഖലിസ്‌ഥാനി ഭീഷണിയും ഇന്ത്യയുടെ വിദേശ നയതന്ത്ര കാര്യങ്ങളിലെ വീക്ഷണവും രീതികളും പൊതു സമൂഹത്തിൽ കൂടുതൽ ശക്‌തമായി എത്താനും ചർച്ചചെയ്യാനും ആരംഭിച്ചത്.
‘നമ്മള്‍ ഒരു ജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടതില്ല. അഭിപ്രായ സ്വാതന്ത്ര്യം അക്രമം പ്രേരിപ്പിക്കുന്നതിലേക്ക് വ്യാപിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങളെ സംബന്ധിച്ചടുത്തോളം അത് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് അല്ലാതെ പ്രതിരോധമല്ല’ ജയശങ്കര്‍ പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ഇന്ത്യന്‍ നയതന്ത്രജ്‌ഞരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുളള കാനഡയിലെ ഖലിസ്‌ഥാനി ഭീഷണി പോസ്‌റ്ററുകൾ സംബന്ധിച്ചും ഇദ്ദേഹം സംസാരിച്ചു.
ഇന്ത്യയും കാനഡയും പരസ്‌പരം സംസാരിക്കണമെന്നും ഹർദീപ് സിങ് നിജ്‌ജാറിന്റെ മരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കെന്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്‌ക്ക് സള്ളിവന്‍ എന്നിവരുമായി ചര്‍ച്ച ചെയ്‌തതായും ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ കാനഡയുടെ ആരോപണങ്ങളില്‍ തെളിവുകളുടെ അഭാവത്തെക്കുറിച്ചുളള ചോദ്യത്തിനും ജയശങ്കര്‍ മറുപടി നല്‍കി. അവരുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസക്‌തമായ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കിടാന്‍ തയ്യാറാണെങ്കില്‍, അത് പരിശോധിക്കാൻ തയ്യാറാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് കുറച്ച് വര്‍ഷങ്ങളായി കാനഡയുമായും കനേഡിയന്‍ സര്‍ക്കാരുമായും പ്രശ്‌നമുണ്ട്. തീവ്രവാദം, അക്രമം എന്നിവക്കുള്ള അനുവാദത്തെ ചുറ്റിപ്പറ്റിയാണ് നിലവിലുള്ള പ്രശ്‌നം. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട അഭ്യർഥനകളോട് കാനഡ പ്രതികരിക്കാത്തതും ഈ അനുവാദം പ്രതിഫലിപ്പിക്കുന്നു.’ ഇദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും കാനഡ അഭയം നല്‍കുന്നതിനെതിരെ ശക്‌തമായ എതിര്‍പ്പ് ഉന്നയിച്ച ജയശങ്കര്‍, രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ സാധാരണമാണെന്ന് കണക്കാക്കരുതെന്നും പറഞ്ഞു.
‘ഞങ്ങളുടെ മിഷനുകള്‍ക്ക് നേരെ സ്‌മോക് ബോംബുകള്‍ എറിഞ്ഞിട്ടുണ്ട്, കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ അക്രമം നടത്തിയിട്ടുണ്ട്, പോസ്‌റ്ററുകൾ പതിച്ചിട്ടുണ്ട്, ഇത് സാധാരണമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മറ്റേതെങ്കിലും രാജ്യത്തിനാണ് ഇത് സംഭവിച്ചതെങ്കില്‍ അവര്‍ എങ്ങനെ പ്രതികരിക്കും. കാനഡയില്‍ നടക്കുന്നതിനെ സാധാരണമായി കാണരുത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് വിളിച്ചുപറയേണ്ടത് പ്രധാനമാണ്.’ ജയശങ്കര്‍ പറഞ്ഞു.
കാനഡയില്‍ സംഭവിക്കുന്നത് മറ്റേതെങ്കിലും രാജ്യത്ത് സംഭവിച്ചാല്‍ ലോകം എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടു. ‘കാനഡയില്‍ എന്താണ് സംഭവിക്കുന്നത്, അത് മറ്റെവിടെയെങ്കിലുമാണ് സംഭവിച്ചിരുന്നതെങ്കില്‍, ലോകം ഇത്ര സമചിത്തതയോടെ ഏറ്റെടുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ ഇദ്ദേഹം ചോദിച്ചു.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്‌ഞർ എംബസിയിലോ കോണ്‍സുലേറ്റിലോ പോകുമ്പോള്‍ സുരക്ഷിതരല്ലെന്നും ജയശങ്കര്‍ പറഞ്ഞു. ‘അവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. കാനഡയിലെ വിസ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കാൻ പോലും പ്രേരിപ്പിച്ചത് അതാണ്’ ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയും ഇന്ത്യയും ചേര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്റണി ബ്ളിങ്കെന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
MOST READ | ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ