ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ. ടൂറിസ്‌റ്റ് വിസ ഉൾപ്പടെ എല്ലാ വിസാ സേവനങ്ങളും ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതും സെപ്‌തംബർ 21ന് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതും.
നേരത്തെ, കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്‌ഥരെ കഴിഞ്ഞ ദിവസം രാജ്യം തിരിച്ചു വിളിച്ചിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക് സുരക്ഷ വരുത്താത്തതിന്റെ പേരിലായിരുന്നു ഇന്ത്യ വിസാ നടപടികൾ നിർത്തിവെച്ചിരുന്നത്.
സ്‌ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇ-വിസ അടക്കം ഒരുതരത്തിലുമുള്ള വിസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യൻ വിസ ലഭിച്ചിരുന്നില്ല. സുരക്ഷാ ഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസപ്പെട്ടതാണ് വിസാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കാരണമെന്നാണ് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞത്.
Most Read| കൊവിഡിന് ശേഷം ഹൃദയാഘാതം; വില്ലൻ അമിത മദ്യപാനവും കഠിന വ്യായാമവും- ഐസിഎംആർ