ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ. കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു.
ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. ഇതിന് പിന്നാലെയാണ് ഇന്ത്യ വിസാ സർവീസുകൾ നിർത്തിവെച്ചത്. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്‌ഥരെ കഴിഞ്ഞ ദിവസം രാജ്യം തിരിച്ചു വിളിച്ചിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക് സുരക്ഷ വരുത്താത്തതിന്റെ പേരിലായിരുന്നു ഇന്ത്യ വിസാ നടപടികൾ നിർത്തിവെച്ചിരുന്നത്. സ്‌ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഇ-വിസ അടക്കം ഒരുതരത്തിലുമുള്ള വിസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യൻ വിസ ലഭിച്ചിരുന്നില്ല. സുരക്ഷാ ഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസപ്പെട്ടതാണ് വിസാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കാരണമെന്നാണ് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞത്.
അതിനിടെ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്‌ഥരെ നിരീക്ഷിക്കുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്‌തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥരുടെ ഫോണുകൾ ഉൾപ്പടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്‌തി അറിയിച്ചത്. ഇത് വിയന്ന കൺവെൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും എസ് ജയശങ്കർ വ്യക്‌തമാക്കിയിരുന്നു.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം