ന്യൂഡെൽഹി: കൊവിഡ് വ്യാപനത്തിന് ശേഷം യുവാക്കളിൽ ഹൃദയാഘാത മരണങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ഹൃദയാഘാത മരണത്തിലേക്ക് യുവാക്കളെ നയിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രധാന പഠനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരണങ്ങളിൽ ഏഴ് ശതമാനം അമിത മദ്യപാനവും 18 ശതമാനം കഠിന വ്യായാമവും മൂലമാണെന്നാണ് ഐസിഎംആർ പഠനറിപ്പോർട്ടിൽ പറയുന്നത്. ഗുരുതര കൊവിഡ് ബാധ, കുടുംബ പശ്‌ചാത്തലം, ജീവിതശൈലി എന്നിവയാണ് ബഹുഭൂരിപക്ഷത്തേയും പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്നാണ് പഠനത്തിൽ പറയുന്നത്.
2021- 23 കാലഘട്ടത്തിൽ 729 മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട് ചെയ്‌തതെന്നാണ് വിവരം. ഈ മരണങ്ങൾ അടിസ്‌ഥാനമാക്കിയാണ് ഐസിഎംആർ പഠനം നടത്തിയത്. മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചും, മരണ കാരണങ്ങൾ കണ്ടത്തിയും മെഡിക്കൽ റെക്കോർഡുകൾ പരിഗണിച്ചും കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് ഐസിഎംആർ പഠനം നടത്തിയത്.
മരണത്തിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസം അമിത മദ്യപാനം, കഠിന വ്യായാമം എന്നിവയുണ്ടായിരുന്ന ഒരുവിഭാഗം യുവാക്കളെയും ഹൃദയാഘാത മരണത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ, പരീക്ഷണത്തിന്റെ കടമ്പകൾ പൂർത്തിയാക്കാതെ നൽകിയ കൊവിഡ് വാക്‌സിന്, ആളുകളുടെ പെട്ടെന്നുള്ള മരണവുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയർന്ന ആരോപണം ശരിയല്ലെന്നാണ് ഐസിഎംആർ റിപ്പോർട്ടിൽ വാദിക്കുന്നത്.
കൂടാതെ, പെട്ടെന്നുണ്ടാകുന്ന മരണം തടയാൻ രണ്ടു ഡോസ് വാക്‌സിൻ സഹായിച്ചുവേണം പഠനം അവകാശപ്പെടുന്നുണ്ട്. കൊവിഡ് മരണം കുറയ്‌ക്കാനാണ് വാക്‌സിൻ നൽകിയത്. രക്‌തം കട്ടപിടിക്കുന്നത് പോലുള്ള പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടെങ്കിലും മരണം ഒഴിവാക്കാൻ സഹായമായി. കൊവിഡ് വലിയതോതിൽ ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് ആഗോളതലത്തിൽ പഠനമുണ്ട്. ഇത് കുറക്കാനാണ് വാക്‌സിൻ സഹായിക്കുന്നത്. എങ്കിലും ഇക്കാര്യത്തിൽ തുടർച്ചയായ പഠനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം