ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ് നിറത്താൽ ചുറ്റപ്പെട്ട ഒരു കടൽത്തീരത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്.
ചൈനയിലെ പാൻജിനിലെ ‘റെഡ് ബീച്ചാണ്’ സന്ദർശകർക്ക് വിസ്‌മയ കാഴ്‌ച നൽകുന്നത്. മണൽത്തരികൾ ഇല്ലാത്ത ഈ ബീച്ച് മുഴുവനും ചുവന്ന പരവതാനി പുതച്ച പോലെയാണ്. സാധാരണ ബീച്ചിനേക്കാൾ മനോഹരമാണ് റെഡ് ബീച്ചെന്നാണ് സന്ദർശകരുടെ അഭിപ്രായം. ബെയ്‌ജിങ്ങിൽ നിന്ന് വെറും ആറു മണിക്കൂർ യാത്രയാണ് ചൈനയിലെ പാൻജിനിലെ റെഡ് ബീച്ചിലേക്കുള്ളത്. ഈ ബീച്ചിൽ മണൽത്തരികൾ കാണാൻ സാധിക്കില്ലെന്നത് മാത്രമല്ല പ്രത്യേകത, ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളിൽ ഒന്ന് കൂടിയാണ് റെഡ് ബീച്ച്.
കടും നിറത്തിൽ പൊതിഞ്ഞു കിടക്കുന്ന ഈ ബീച്ച് ‘സുയെദ’ എന്നും അറിയപ്പെടുന്നു. ചൈനയിൽ എത്തുന്ന വിനോദ സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്‌ഥലങ്ങളിൽ ഒന്നാണ് റെഡ് ബീച്ച്. ശരത്കാല സീസണിൽ ഇവിടെ എത്തുന്നവർക്ക് തീർച്ചയായും സ്വപ്‌നലോകത്തെത്തിയ അനുഭൂതിയായിരിക്കും ലഭിക്കുക.
സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളാണ് സന്ദർശക സമയമെങ്കിലും ഒക്ടോബറിലാണ് ഇവിടേക്ക് സന്ദർശകരുടെ ഒഴുക്ക് കാണാൻ സാധിക്കുക. ഈ ബീച്ചിന്റെ പരിസര പ്രദേശങ്ങൾ കടും ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇവിടെ വളരുന്ന ഒരുതരം ‘സീപ്‌വീഡാണ്’ ഇതിന് കാരണം. ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ ശേഷിയുള്ള ഈ കുറ്റിച്ചെടികൾ ചുറ്റുപാടിൽ നിന്ന് കടൽജലം വലിച്ചെടുക്കുന്നതിനാലാണ് ഇത്തരത്തിൽ ചുവപ്പ് നിറമായി മാറുന്നത്.
‘സീപ്‌വീഡ്’ വസന്തകാലത്ത് പച്ച നിറമായിരിക്കും. വേനൽക്കാലത്ത് അതിന്റെ നിറം മാറിക്കൊണ്ടിരിക്കും. ശരത് കാലത്തിലാണ് ഇത് ഒടുവിൽ ചുവപ്പായി മാറുന്നത്. റെഡ് ബീച്ച് ഇന്ന് ചൈനയിൽ ഒരു സംരക്ഷിത പ്രകൃതി രമണീയമായ കേന്ദ്രമാണ്. ബീച്ചിന്റെയും വന്യജീവികളുടെയും സസ്യങ്ങളുടെയും സൗന്ദര്യം അടുത്തറിയാൻ, സന്ദർശകർക്ക് മരംകൊണ്ട് നിർമിച്ച പ്രത്യേക നടപ്പാതകൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനും ഇക്കോ ടൂറിസത്തിനുമായി നിരവധി സന്ദർശകർ ദിനംപ്രതി ഇവിടെ എത്താറുണ്ട്. റെഡ് ബീച്ചിലെ തണ്ണീർത്തടങ്ങളിലും കടൽ തീരവും 260ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ്.
Health| ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം