കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ വാതിൽപ്പടിയിൽ ചെന്ന് തലയിട്ടു നോക്കും. ഒടുക്കം വാതിലടഞ്ഞാൽ എവിടെയെങ്കിലും പോയി കണ്ണുകളടച്ചു ചുരുണ്ടുകൂടും.
കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ നടക്കുന്ന ഒരു നായയുടെ കരളലിയിപ്പിക്കുന്ന രംഗങ്ങളാണിവ. ഊണും ഉറക്കവുമില്ലാതെ, എവിടേക്കും പോകാതെ തന്റെ യജമാനനായുള്ള ഒരേയൊരു കാത്തിരിപ്പിൽ. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഏവർക്കും സുപരിചിതമായ ഈ നായയെ ‘രാമു’ എന്ന പേരിലാണ് ആശുപതിയിൽ ഉള്ളവർ വിളിക്കുന്നത്.
മാസങ്ങളായി നായ കാത്തിരിപ്പ് തുടങ്ങിയിട്ട്. മഴയും വെയിലും തണുപ്പുമെല്ലാം ഏറെക്കൊണ്ടു. മോർച്ചറിയിലേക്ക് കൊണ്ടുപോയ തന്റെ യജമാനനെ കാത്തിരിക്കുന്നതാകാം എന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. മൃതശരീരങ്ങൾ മോർച്ചറിയിൽ നിന്നും വിട്ടുനൽകുന്നത് മതിലിനപ്പുറം പിൻഭാഗത്തു കൂടെയാണ്. തന്റെ യജമാനനെ ബന്ധുക്കൾ ഇതുവഴി കൊണ്ടുപോയത് പാവം ഈ മിണ്ടാപ്രാണി അറിഞ്ഞുകാണില്ല.
നാല് മാസമായി ഇവൻ അധികൃതരുടെ കണ്ണിൽപെട്ടിട്ട്. എല്ലാവരും നൽകുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവം രാമുവിനില്ല. മറ്റു നായകളുമായും ചങ്ങാത്തമില്ല. എപ്പോഴും എവിടെയെങ്കിലും തനിച്ചിരിപ്പുണ്ടാവും. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോർച്ചറിക്ക് മുന്നിലാണ്.
ആൾക്കൂട്ടം കൂടിന്നിടത്തെല്ലാം രാമു ഓടിച്ചെന്ന് നോക്കും. അക്കൂട്ടത്തിൽ താൻ തിരയുന്ന ആൾ ഇല്ലെന്ന് ഉറപ്പായാൽ മോർച്ചറി ലക്ഷ്യംവെച്ചു ഓടും. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ എത്തിയ ആരോഗ്യമന്ത്രിയെപ്പോലും കൂസാതെ അവൻ ആശുപത്രി വളപ്പിൽ തന്നെ തുടരുകയായിരുന്നു.
ഒരു രോഗിക്ക് ഒപ്പമാണ് നായ ആശുപത്രിയിൽ എത്തിയതെന്നും, ഉടമസ്‌ഥൻ മരിച്ചപ്പോൾ മോർച്ചറിയുടെ റാംപ് വരെ ഒപ്പമെത്തിയിരുന്നുവെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറയുന്നു. മോർച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കൾ കൊണ്ടുപോയത് അറിയാതെ നായ ഇവിടെ കാത്തിരിക്കുകയാണെന്നാണ് രാജേഷ് പറയുന്നത്.
വിശന്നു വലഞ്ഞാൽ പോലും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിക്കില്ല. ക്ഷീണിച്ചാൽ അടഞ്ഞുപോകുന്ന കണ്ണുകൾ കഷ്‌ടപ്പെട്ടു വലിച്ചുതുറന്നു അവൻ മോർച്ചറിക്ക് മുന്നിൽത്തന്നെ കിടക്കും. മോർച്ചറി ജീവനക്കാർ നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതു ചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയതുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല, ഏല്ലാവർക്കും വഴിമാറി കൊടുക്കും.
ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശന വേളയിലെ ചിത്രങ്ങളിൽ നായ പതിഞ്ഞതിനെ തുടർന്നാണ് ആളുകൾ ഇവനെ ശ്രദ്ധിച്ചുതുടങ്ങിയത്. വാർത്തയറിഞ്ഞു ഉടമസ്‌ഥർ രാമുവിനെ കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാർ. എന്നാൽ, മരണം വിളിച്ചൊരാൾക്ക് മടക്കമില്ലെന്നറിയാതെ മോർച്ചറിക്ക് മുന്നിൽ കണ്ണടച്ച് കിടക്കുകയാണ് രാമു ഇപ്പോൾ.
Most Read| ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 1.68 ലക്ഷം ജീവനുകൾ