കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തിരച്ചിൽ. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ തേടി കോഴിക്കോട് റെയിൽവേ പോലീസ് നോയിഡയിൽ എത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് റെയിൽവേ പോലീസ് നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചിരുന്നു.
സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളിൽ ഫോറൻസിക് പരിശോധന നടത്തി. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തിയത്. ഡി1 ബോഗിയിലാണ് കൂടുതലും പെട്രോളൊഴിച്ചു കത്തിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നത്. ഈ കോച്ചിലെ ഒന്ന് മുതൽ ആറുവരെയുള്ള സീറ്റിലാണ് തീ പടർന്നത്. ഡി2 കോച്ചിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, പ്രതി കസ്റ്റഡിയിൽ ആയെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്ത തള്ളി എടിഎസ് (ആന്റി ടെററിസം സ്ക്വാഡ്) ഐജി പി വിജയൻ, വനംമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
Most Read: അട്ടപ്പാടി മധു കൊലക്കേസ്; വിധി ഇന്ന്- പ്രതീക്ഷയോടെ കുടുംബം