വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. സമീപത്തെ വീടിനോട് ചേർന്ന് ഷെഡിൽ തലയ്‌ക്ക് മുറിവേറ്റ നിലയിലാണ് ദാമോദരനെ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ലക്ഷ്‌മിക്കുട്ടി തനിക്ക് മർദ്ദനമേറ്റുവെന്ന് മീനങ്ങാടി പോലീസിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ഇവരെ ബത്തേരി ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ സംശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ദാമോദരന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യയുമായി പിണങ്ങി കാസർഗോഡും മകനോടൊപ്പവും താമസിച്ച് വരികയായിരുന്ന ദാമോദരൻ ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വീട്ടിലെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബവഴക്കിനെ തുടർന്നുള്ള വാക്കുതർക്കമാവാം പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മീനങ്ങാടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം; ആളപായമില്ല








































