ന്യൂഡെൽഹി: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണം തള്ളിയ കമ്മീഷൻ ഇക്കാര്യം വ്യക്‌തമാക്കി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
ജൂൺ 12നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിവിധ മാദ്ധ്യമങ്ങളിൽ ലേഖനമെഴുതിയ രാഹുൽ ഗാന്ധി മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ‘മാച്ച് ഫിക്‌സിങ്’ നടന്നുവെന്ന ആക്ഷേപം സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഉയർത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, വോട്ടർ രജിസ്‌റ്റർ, പോളിങ് ശതമാനം എന്നിവയിൽ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം.
തിരഞ്ഞെടുപ്പ് സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്നും രാഹുൽ ആരോപിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാൻ സാധ്യതയുള്ള മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. രാഹുലിന്റെ ആരോപണം പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും