ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ തെറ്റും അടിസ്‌ഥാനമില്ലാത്തതുമാണ്. രാഹുൽ പറയുന്നതുപോലെ ആർക്കെങ്കിലും ഓൺലൈനായി മറ്റാരെയെങ്കിലും വോട്ടർപട്ടികയിൽ നിന്ന് നീക്കാനാവില്ലെന്നും കമ്മീഷൻ എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.
വോട്ടർപട്ടികയിൽ നിന്ന് പൊതുജനങ്ങൾക്ക് ആളുകളെ നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണെന്ന് കമ്മീഷൻ വാദിക്കുന്നു. 2023ൽ കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ നീക്കാനുള്ള ശ്രമം ചിലയിടങ്ങളിൽ നിന്നുണ്ടായെങ്കിലും വിജയിച്ചില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഇക്കാര്യം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷിക്കുകയാണ്.
അലന്ദ് നിയമസഭാ മണ്ഡലത്തിൽ 2018ൽ ബിജെപിയുടെ സുഭാധ് ഗദ്ദീദാറാണ് വിജയിച്ചതെന്നും 2023ൽ കോൺഗ്രസിലെ ബിആർ പാട്ടീലാണ് വിജയിച്ചതെന്നും കമ്മീഷൻ വ്യക്‌തമാക്കി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ രംഗത്തെത്തിയത്.
ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. വോട്ടുകൊള്ളയ്‌ക്ക് 101 ശതമാനം തെളിവുണ്ടെന്ന് രാഹുൽ പറഞ്ഞു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്ന 6018 വോട്ടർമാരെ ആസൂത്രിതമായി നീക്കിയെന്നാണ് രാഹുലിന്റെ ആരോപണം.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!