ന്യൂയോർക്ക്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമയും മുൻ ഡോജ് മേധാവിയുമായ ഇലോൺ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട് ട്രംപ് പരസ്യമാക്കി വെച്ചിരിക്കുന്നതെന്നുമാണ് മസ്‌കിന്റെ ആരോപണം.
‘ബിഗ് ബോംബ്’ എന്ന് വിശേഷിപ്പിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്‌റ്റിലാണ് മസ്‌കിന്റെ തുറന്നെഴുത്ത്. ‘ഈ പോസ്‌റ്റ് കുറിച്ചുവെച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’- മസ്‌ക് പറഞ്ഞു. ട്രംപിനെ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന വാദത്തെയും മസ്‌ക് അംഗീകരിച്ചു. സാമൂഹിക മാദ്ധ്യമത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തെ മസ്‌ക് അനുകൂലിച്ചു.
അമേരിക്കയിൽ 80% വരുന്ന മധ്യവർഗത്തെ പ്രതിനിധീകരിക്കുന്ന പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കേണ്ട സമയമായോ എന്ന ചോദ്യമുയർത്തി എക്‌സിലെ അക്കൗണ്ടിൽ അഭിപ്രായ സർവേയും ആരംഭിച്ചിട്ടുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചിലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്‌ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ മസ്‌ക് വിമർശനം ഉന്നയിച്ചതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു മസ്‌കിന്റെ പ്രതികരണം.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് രാജിവെച്ചിരുന്നു. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് ട്രംപ് വിശേഷിപ്പിച്ച പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛതയാണെന്നായിരുന്നു മസ്‌കിന്റെ വിമർശനം.
ഇതിന് പിന്നാലെ, ഇലോൺ മസ്‌കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ട്രംപ് തിരിച്ചടിച്ചിരുന്നു. ട്രംപ്- മസ്‌ക് ബന്ധം വഷളായതിന് പിന്നാലെ മസ്‌കിന്റെ കമ്പനികളുടെ ഓഹരികൾ 15,000 കോടി ഡോളർ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാൽ, ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഡ്രാഗൺ പേടകം ഡീകമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്‌പേസ് എക്‌സ് ഉടൻ ആരംഭിക്കുമെന്ന് മസ്‌ക് പ്രതികരിച്ചു. എന്നാൽ, ഈ പ്രസ്‌താവനയിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കകം മസ്‌ക് പിൻമാറിയിരുന്നു. ഏറ്റവും ഒടുവിലാണ് ജെഫ്രി എപ്‌സ്‌റ്റൈൻ ഫയലുകളിൽ ട്രംപിന്റെ പേരുണ്ടെന്ന വെളിപ്പെടുത്തലുമായി മസ്‌ക് രംഗത്തെത്തിയത്.
ഉന്നത രാഷ്‌ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗികാവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട എപ്‌സ്‌റ്റൈനെതിരായ അന്വേഷണ ഫയലിൽ ട്രംപിന്റെ പേര് ഉണ്ടെന്നാണ് മസ്‌ക് ആരോപിച്ചിരിക്കുന്നത്. 2005ൽ 14-കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് ജെഫ്രി എപ്‌സ്‌റ്റൈനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്‌സ്‌റ്റൈൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തതായി കണ്ടെത്തി.
രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008ൽ ശിക്ഷിക്കപ്പെടുകയും ചെയ്‌തു. എന്നാൽ 13 മാസം മാത്രമാണ് എപ്‌സ്‌റ്റൈന് ജയിലിൽ കഴിയേണ്ടിവന്നത്. പിന്നീട് 2019 ജൂലൈയിൽ ഇതേ കുറ്റത്തിന് ഇയാൾ വീണ്ടും അറസ്‌റ്റിലായി. ബാല ലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ജെഫ്രി എപ്‌സ്‌റ്റൈൻ 2019 ഓഗസ്‌റ്റിൽ ജയിലിൽ ആത്‍മഹത്യ ചെയ്‌തു. പിന്നാലെ, കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്ക് എതിരായ നിയമനടപടികൾ നിർത്തി വെയ്‌ക്കുകയായിരുന്നു.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം