കണ്ണൂർ: പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു. റിസോർട്ടിലെ കെയർടേക്കർ പാലക്കാട് സ്വദേശി പ്രേമാനന്ദനാണ് മരിച്ചത്. റിസോർട്ടിന് തീയിട്ട ശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറിൽ തൂങ്ങിമരിക്കുകയായിരുന്നു. കണ്ണൂർ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എൻക്ളേവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
റിസോർട്ടിന് തീ പടർന്നതിനെ തുടർന്ന് ആളുകൾ നടത്തിയ അന്വേഷണത്തിനാണ് പ്രേമാനന്ദനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിൽ 12 വർഷത്തിലധികമായി പ്രേമാനന്ദൻ കെയർ ടേക്കറായി ജോലി ചെയ്‌ത് വരുകയാണ്. ജോലി രാജിവെച്ച് പോകാൻ ഉടമ ആവശ്യപ്പെട്ടതാണ് പ്രകോപനമെന്ന് കരുതുന്നു.
വാരം സ്വദേശി വിജിലിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് റിസോർട്ട്. താഴത്തെ നിലയിലെ ഹാളിൽ ഗ്യാസ് തുറന്നുവിട്ട ശേഷം മുറി അടച്ച് തീയിടുകയായിരുന്നു. പ്രേമാനന്ദനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നീടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ രണ്ട് വളർത്തു നായകളും പൊള്ളലേറ്റ് ചത്തു. റിസോർട്ടിലെ അതിഥികൾക്കാർക്കും പരിക്കില്ല.
Most Read| വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ







































