മലപ്പുറം : ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സമരം പിന്‍വലിച്ചു. ശമ്പളം നല്‍കാനായി ഫണ്ട് അനുവദിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചതായി സമര സമിതി പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി ശമ്പളം ലഭിക്കാത്തത്.
കോവിഡിനെ തുടര്‍ന്ന് 553 ജീവനക്കാരെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിയമിച്ചത്. ഓഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ശക്തമായ സമരം നടത്താനാണ് ജീവനക്കാര്‍ തീരുമാനിച്ചിരുന്നത്. ദിവസം 450 മുതല്‍ 650 രൂപ വരെ വേതനം ലഭിക്കുന്നവരാണ് ഇപ്പോള്‍ ശമ്പളം മുടങ്ങിയ താല്‍ക്കാലിക ജീവനക്കാര്‍.
ഇവിടെ നേരത്തെയും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന് ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ശമ്പളം തീര്‍ത്തു നല്കി. എന്നാല്‍ തുടര്‍ന്നും ഇവിടുത്തെ ജീവനക്കാര്‍ അവഗണിക്കപ്പെടുകയായിരുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് ശമ്പളം നല്‍കാനുള്ള പണം ഇല്ലാഞ്ഞതിനെ തുടര്‍ന്നാണ് ശമ്പളം നല്കാന് പറ്റാതെ കുടിശ്ശിക വന്നതെന്നാണ് മാനേജ്മെന്റ് നല്കുന്ന വിശദീകരണം.
Read also : സംസ്ഥാന സർക്കാരിന്റെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് മാത്രം; പുതിയ ഉത്തരവ്