ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. തിങ്കളാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനിക ഓഫീസർ ഉൾപ്പടെ ഉള്ളവരാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ജമ്മു കശ്‌മീർ പോലീസിലെ ഉദ്യോഗസ്‌ഥനും ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഭീകരരെ തിരഞ്ഞ് പോലീസും സൈന്യവും നടത്തിയ സംയുക്‌ത ഓപ്പറേഷനിടെയാണ് സംഭവം.
പാകിസ്‌ഥാന്റെ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്‌മീർ ടൈഗേഴ്‌സ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ മാത്രം തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്. കഴിഞ്ഞയാഴ്‌ച കത്വയിൽ ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
കത്വ ജില്ലയിലെ ബദ്‌നോട്ടയ്‌ക്ക് സമീപം മച്ചേദി ഗ്രാമത്തിൽ സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിലാണ് അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ