കോട്ടയം: നിർധന കുടുംബത്തിലെ യുവതിക്ക് കതിർമണ്ഡപമൊരുക്കി മറവന്തുരുത്ത് പഞ്ചായത്തിലെ ‘എന്റെ ഗ്രാമം’ കൂട്ടായ്മ. ആലിൻചുവട് സ്വദേശിയായ ഭദ്രന്റെയും സിന്ധുവിന്റെയും മകളായ സ്വാതിക്കും ശ്യാമിനുമാണ് വാട്സ്ആപ്പ് കൂട്ടായ്മ കതിർമണ്ഡപം ഒരുക്കി നൽകിയത്.
ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ ശ്യാമുമായുള്ള വിവാഹ നിശ്ചയത്തിനുശേഷം കോവിഡ് ദുരിതങ്ങളും തൊഴിലില്ലായ്മയും വർധിച്ചതോടെ വിവാഹം ലളിതമായി രജിസ്റ്റർ ചെയ്ത് നടത്താനുള്ള തീരുമാനത്തിലായിരുന്നു സ്വാതിയുടെ മാതാപിതാക്കൾ. സാമ്പത്തിക പരാധീനതകളാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചതെന്നറിഞ്ഞ ‘എന്റെ ഗ്രാമം’ പ്രവർത്തകർ ഭദ്രനുമായി ബന്ധപ്പെട്ടു.
തുടർന്ന് ആറുദിവസത്തിനുള്ളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. രാകേഷ്, റോയ് പി കുര്യാക്കോസ്, ബെൻഷാദ്, കെജി ചന്ദ്രൻ, അഡ്വ. സുഭാഷ് ചന്ദ്രൻ, അഡ്വ. പിആർ പ്രമോദ്, ഷൗക്കത്ത് മറവൻ, ബിനു മോഹൻ, സുഗുണൻ, സുരസി, പ്രേംഷാ, റിയാസ്, അനൂപ് സുലൈമാൻ, റഷീദ, ആമിന, ബി ഷിജു, ആർ രതീഷ് എന്നിവരാണ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ വാട്സ്ആപ്പ് കൂട്ടായ്മയാണ് ഇത്.
Most Read: അഞ്ച് മണിക്കൂർ കൊണ്ട് കേരള മുഖ്യമന്ത്രിമാർ ‘കുപ്പിയിൽ’; റെക്കോർഡിട്ട് 21കാരി






































