ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദർശിക്കാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥർ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ അഭിഭാഷകർക്ക് ബിനീഷിനെ കാണാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് അഭിഭാഷകർ ബിനീഷിനെ കാണാൻ ബെംഗളൂരു ഇഡി ഓഫീസിൽ എത്തിയത്. എന്നാൽ, കോവിഡ് സർട്ടിഫിക്കറ്റിന്റെ പേരു പറഞ്ഞ് അഭിഭാഷകർക്ക് അനുമതി നിഷേധിക്കുക ആയിരുന്നു. കോടതി നിർദേശത്തിന് എതിരായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്‌തമാക്കി.
അറസ്‌റ്റിലായ ശേഷം നിരവധി തവണ അഭിഭാഷകരും സഹോദരൻ ബിനോയ് കോടിയേരിയും ബിനീഷിനെ സന്ദർശിക്കാൻ ബെംഗളൂരു ഇഡി ആസ്‌ഥാനത്ത് എത്തിയെങ്കിലും ഉദ്യോഗസ്‌ഥർ അനുമതി നൽകിയില്ല. ഇതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
അതേസമയം, ബിനീഷിന്റെ കസ്‌റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ ഇന്നും ചോദ്യം ചെയ്യൽ തുടരും. കേസുമായി ബന്ധപ്പെട്ട് ഇഡി ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ 5 കോടിയോളം രൂപ മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് കൈമാറിയിട്ടുണെന്നാണ് വ്യക്‌തമാക്കുന്നത്. മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണ് ഇതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
Also Read: ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്