സജീവ് കൃഷ്‌ണന്റെ കൊലപാതകം; ലഹരി ഇടപാടിലെ തർക്കമെന്നു സൂചന

എംഡിഎംഎ ഉൾപ്പെടെയാണ് പ്രതിയെ പിടികൂടിയത്. ആൺപെൺ വിത്യാസമില്ലാതെ കേരളത്തിലെ യുവ സമൂഹത്തിനിടയിൽ വ്യാപകമാകുന്ന 'എംഡിഎംഎ' സന്തോഷമുള്ള, ഊർജമുള്ള ലഹരിനൽകും. സംഗീത-നൃത്ത പരിപാടികളിലും ക്യാംപസുകളിലും സിനിമാ ചിത്രീകരണ മേഖലയിലും മറ്റും വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ട്.

By Central Desk, Malabar News
Sajeev Krishna's murder; It is indicated that it is a dispute in drug dealing
കൊല്ലപ്പെട്ട സജീവ് കൃഷ്‌ണൻ

കൊച്ചി: ഇടച്ചിറ ഫ്‌ളാറ്റിൽ വച്ച് സജീവ് കൃഷ്‌ണനെന്ന 23കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിതിരിവ്‌. ഇന്ന് രാവിലെ കാസര്‍ഗോഡ് നിന്ന് പിടിയിലായ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് പുതിയ വിവരങ്ങൾ പോലീസ് പുറത്തുവിടുന്നത്.

സജീവ് കൃഷ്‌ണനെ കൊലപ്പെടുത്തിയതിനു കാരണം ലഹരി ഇടപാടിലെ തർക്കമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. അര്‍ഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്‌ണനും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പിടിയിലായ അർഷാദ് മലപ്പുറം കൊണ്ടോട്ടിയിൽ മോഷണക്കേസിൽ പ്രതിയാണെന്നും കമ്മീഷണർ പറഞ്ഞു.

ചൊവ്വാഴ്‌ച വൈകീട്ടാണ് ഇടച്ചിറയിലെ ഫ്‌ളാറ്റിൽ യുവാവിന്റെ മൃതദേഹം പ്ളാസ്‌റ്റിക് കവറിലാക്കി ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് സജീവ് കൃഷ്‌ണയാണെന്ന് പിന്നീട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തില്‍ നിരവധി കുത്തേറ്റ പാടുകള്‍ ഇന്‍ക്വസ്‌റ്റിൽ കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനുശേഷം കൊച്ചിയിൽനിന്നു മുങ്ങിയ അർഷാദും സുഹൃത്തും കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നാണ് പിടിയിലായത്. പിടിയിലാകുമ്പോൾ അഞ്ച് ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ, ലഹരിമരുന്ന് കൈവശം വച്ചതിന് ഇരുവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Sajeev Krishna's murder; It is indicated that it is a dispute in drug dealing
പ്രതിയെന്ന് സംശയിക്കുന്ന, പിടിയിലായ അർഷാദ്

ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അർഷാദിനെയും സുഹൃത്തിനെയും മഞ്ചേശ്വരത്തുവച്ച് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട അർഷാദ് വാഹനം ഉപേക്ഷിച്ച് റെയിൽവേ സ്‌റ്റേഷനിലേക്ക് ഓടിക്കയറി. ഓടിച്ചിട്ടാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി അശ്വന്തും പൊലീസ് കസ്‌റ്റഡിയിലാണ്. എന്നാൽ, അശ്വന്തിന് കൊലപാതകത്തിൽ പങ്കില്ലെന്ന് പോലീസ് അറിയിച്ചു.

Sajeev Krishna's murder; It is indicated that it is a dispute in drug dealing

കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഓക്‌സോണിയ ഫ്‌ളാറ്റിലാണ് സജീവ് കൃഷ്‌ണനെന്ന 23കാരനെ ഓഗസ്‌റ്റ് 16ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു സജീവ്. സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകക്ക് താമസിച്ചിരുന്ന പതിനാറാം നിലയിലെ ബാൽക്കണിയോടു ചേർന്ന സ്‌ഥലത്ത്‌ തിരുകി കയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

എന്താണ് എംഡിഎംഎ?

Sajeev Krishna's murder; It is indicated that it is a dispute in MDMA drug dealing
എംഡിഎംഎ ക്യാപ്‌സ്യൂൾ തുറന്നാൽ കാണുന്ന പൊടി

കെമിക്കല്‍ അടങ്ങിയ സിന്തറ്റിക്, സൈക്കോ ആക്‌ടീവ് ലഹരി മരുന്നാണ് എംഡിഎംഎ. ടാബ്‌ലെറ്റ് രൂപത്തിലും ക്യാപ്‌സ്യൂൾ രൂപത്തിലും പൊടി രൂപത്തിലും ലഭ്യമാണ്. എംഡിഎംഎ ഉപയോഗിച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഊർജസ്വലമായ സന്തോഷത്തോടെ സജീവമായിരിക്കാൻ സാധിക്കും. രണ്ട് ദിവസം വരെ ചെറിയ തോതിൽ ഇതിന്റെ സ്വാധീനം നിലനില്‍ക്കും. യുവസമൂഹത്തിൽ മോളി എന്നും അറിയപ്പെടുന്ന ലഹരിവസ്‌തുവാണ് എംഡിഎംഎ. റബ്ബർ, ചോക്ക്, സിം കാർഡ് എന്നിങ്ങനെയുള്ള കോഡ് ഭാഷകളിലും യുവസമൂഹം ഇതിനെ പരിചയപ്പെടുത്താറുണ്ട്.

Sajeev Krishna's murder _ MDMA tablets white
എംഡിഎംഎ ടാബ്‌ലറ്റ്

ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീൻ ഡയോക്‌സി മെത്താം ഫീറ്റമിൻ എന്ന എംഡിഎംഎ ലഹരിവസ്‌തു. യുവ സമൂഹത്തിനിടയിൽ വ്യാപകമാകുന്ന ഇത് ആൺപെൺ വിത്യാസമില്ലാതെ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽനേരം സന്തോഷമുള്ള, ഊർജമുള്ള ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ക്യാംപസുകളിലും സിനിമാ ചിത്രീകരണ മേഖലയിലും മറ്റും വ്യാപകമായി ഇത് ഉപയോഗിക്കുന്നുണ്ട്.

Sajeev Krishna's murder _ MDMA Capsule
എംഡിഎംഎ ക്യാപ്‌സ്യൂൾ

അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ കടുപ്പമേറെയാണ്. ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്‌ചക്കുറവ്, കുറ്റബോധമില്ലായ്‌മ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ഉപയോഗിക്കുന്നവർക്ക് ഈ നഷ്‍ടം തീരെ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് ഇതിലെ പ്രധാന അപകടം. കഞ്ചാവ്, മദ്യം, സിഗരറ്റ് പോലുള്ള വസ്‌തുക്കളിൽ നിന്നുണ്ടാകുന്ന മണം ഇല്ലാത്തത് കൊണ്ട് ഉപയോഗിച്ച ആളെ തിരിച്ചറിയൽ പ്രയാസമാണ്.

Most Read: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്‌ളാറ്റുകളിലേക്ക് മാറ്റും; കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE