ലഖ്നൗ: സ്കൂൾ ബസിൽ പോകവേ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മരിച്ച 10 വയസുകാരന്റെ മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്ഥ. “മതി! മിണ്ടരുത്,” ഒരു ഉദ്യോഗസ്ഥൻ 10 വയസുകാരന്റെ മാതാവിനു നേരെ വിരൽ ചൂണ്ടി അലറി. സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട 4ആം ക്ളാസ് വിദ്യാർഥി അനുരാഗ് ഭരദ്വാജിന്റെ രക്ഷിതാക്കൾ വ്യാഴാഴ്ച മോദിനഗറിലെ ഒരു പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥ മാതാവിന് നേരെ ആക്രോശിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
വീഡിയോയിൽ, മോദിനഗറിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ശുഭാംഗി ശുക്ള, അനുരാഗിന്റെ മാതാവ് നേഹ ഭരദ്വാജിന് നേരെ ക്ഷുഭിതയാകുന്നതായി കാണാം, കരഞ്ഞുകൊണ്ട് ഭർത്താവിനും മകൾക്കും മറ്റ് കുറച്ച് മാതാപിതാക്കൾക്കുമൊപ്പം നിലത്തിരുന്നു പ്രതിഷേധിക്കുക ആയിരുന്നു മാതാവ്.
“എന്തുകൊണ്ടാണ് നിങ്ങൾക്ക് മനസിലാകാത്തത്? മിണ്ടാതിരിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു,” ശുക്ള ആക്രോശിച്ചു. “അത് നിങ്ങളുടെ മകനായിരുന്നോ?” എന്ന് ഇതിന് മറുപടിയായി കരഞ്ഞുകൊണ്ട് നേഹ ഭരദ്വാജ് ചോദിച്ചു.
“എത്ര പ്രാവശ്യം നിങ്ങളെ മനസിലാക്കിത്തരണം,”- ഓഫിസർ വീണ്ടും ക്ഷുഭിതയായി.
“എനിക്ക് വേണ്ടത്ര മനസിലായി. അവൻ ഇപ്പോൾ നിശബ്ദനാണ്,”- തന്റെ മരിച്ച കുട്ടിയെ പരാമർശിച്ചു കൊണ്ട് ഭരദ്വാജ് ഓഫിസറോട് മറുപടി പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. സ്കൂൾ ബസിൽ സ്കൂളിലേക്ക് പോവുകയായിരുന്ന അനുരാഗിന് ഛർദ്ദി അനുഭവപ്പെടുകയും തല ജനാലയിലൂടെ പുറത്തേക്ക് ഇടുകയും ആയിരുന്നു. ഈ സമയം ഡ്രൈവർ ബസ് വെട്ടിക്കുകയും കുട്ടിയുടെ തല വൈദ്യുത പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. കുട്ടി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്. ഡ്രൈവറെയും മറ്റൊരു ബസ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തെങ്കിലും സ്കൂളിനെതിരെ നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് രക്ഷിതാക്കൾ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നത്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ റിപ്പോർട് തേടി. സ്കൂൾ, ബസ് ജീവനക്കാർ, ഗതാഗത വകുപ്പ് എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിന് പുറമെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനക്കും അദ്ദേഹം ഉത്തരവിട്ടു. ഉത്തരവാദികൾക്ക് എതിരെ കർശന നടപടി എടുക്കുമെന്നും കുടുംബത്തെ അനുശോചനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Most Read: മണ്ണിടിച്ചിലില് നിന്നും രക്ഷനേടാൻ ഫ്രിഡ്ജിൽ അഭയം തേടി; 11കാരന് അൽഭുത രക്ഷപ്പെടൽ








































