റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യയിൽ നിർത്തിവച്ച വിനോദ പരിപാടികൾ ജനുവരിയോടെ പുനരാരംഭിക്കാൻ തീരുമാനമായി. വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും അടക്കമുള്ള പരിപാടികളുമാണ് നടത്താൻ ആലോചിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സംഗീത വിരുന്നുകളും ഉണ്ടാവും. ‘റിയാദ് ഒയാസിസ്‘ എന്നായിരിക്കും പരിപാടിയുടെ പേര്.
ഇതിന് പിന്നാലെ രാജ്യത്ത് എല്ലായിടത്തും പലതരം വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കാനാണ് ഭരണകൂടം ആലോചിക്കുന്നത്. വടക്കൻ റിയാദിലെ മൈതാനിയിലാണ് ‘റിയാദ് ഒയാസിസ്‘ മെഗാ ഇവന്റ് നടക്കുക. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പരിപാടിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് നിർവഹിച്ചു. വിദേശികൾക്കും സ്വാദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പരിപാടികളാവും ഇവന്റിൽ ഒരുക്കുക.
എണ്ണവ്യാപാരത്തിന് പുറമെയുള്ള വരുമാനം ലക്ഷ്യമിട്ടാണ് ഈ വർഷം സൗദിയിൽ ആയിരക്കണക്കിന് പരിപാടികൾ ആസൂത്രണം ചെയ്തത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇവ നിർത്തേണ്ടി വന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയോടെയും നിയന്ത്രണങ്ങളോടെയും മുന്നോട്ട് പോവാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും അധികൃതർ ക്ഷണിച്ചുകഴിഞ്ഞു. ഏറ്റവും മികച്ച 20 ആശയങ്ങൾക്ക് സമ്മാനവും നൽകാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് മുൻപേ തന്നെ രാജ്യത്ത് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം.
Read Also: നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍







































