കീവ്: യുക്രൈനിൽ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി ഇന്ത്യൻ എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിൽ എത്തിക്കാനാണ് നീക്കം.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്‌തമാക്കിയിരുന്നു. 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ നാളെ ഡെൽഹിയിലും മുംബൈയിലും എത്തിക്കാനാണ് ശ്രമം. നാലുരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. എംബസിയെ ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിൽ എത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ റുമാനിയയിലേക്ക് പുറപ്പെടും. അതിര്‍ത്തി മേഖലകളില്‍ ക്യാംപ് ഓഫിസുകൾ തുടങ്ങി. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്‌ഥരുടെ സംഘം യുക്രൈന്റെ അയല്‍ രാജ്യങ്ങളിലെത്തി. നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ റജിസ്ട്രേഷന്‍ ആരംഭിച്ചു. യുക്രൈനിൽ നിന്ന് റോഡ് മാര്‍ഗം അതിര്‍ത്തിയിൽ എത്തിച്ചശേഷം ഹംഗറി, പോളണ്ട്, സ്ളൊവാക്, റുമേനിയ എന്നീ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷക്കായുള്ള ഉറപ്പ് നേടിയിട്ടുണ്ട്.
Most Read: ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി