താനൂർ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ കോർമൻ കടപ്പുറം സ്വദേശി കെപി ജൈസൽ അറസ്‌റ്റിൽ. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്‌റ്റ്. 2021 ഏപ്രിൽ 15ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
യുവതിയുടെയും യുവാവിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം മോർഫ് ചെയ്‌ത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജൈസൽ പണം ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് 5000 ആക്കി കുറച്ചു. ഈ പണം വാങ്ങി ഇരുവരെയും ജൈസൽ വിട്ടയച്ചു. തുടർന്ന് തെളിവ് സഹിതം യുവാവും യുവതിയും താനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്തതിനെ തുടർന്ന് ഒളിവിൽപ്പോയ ജൈസന് വേണ്ടി തിരുവന്തപുരത്തും മംഗളൂരുവിലും പോലീസ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ താനൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. താനൂർ സിഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: വേനൽമഴ കനിഞ്ഞു; കേരളത്തിൽ ഈ വർഷം ലഭിച്ചത് 66 ശതമാനം അധിക മഴ