ഫഹദ് ഫാസിലിനെ നായകനാക്കി പവൻ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധൂമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാസ് വേഷത്തിൽ വായ മൂടിക്കെട്ടി നിൽക്കുന്ന തരത്തിലാണ് ഫഹദ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ലൂസിയ, യു-ടേൺ എന്നീ സിനിമകൾ സംവിധാനം ചെയ്ത പവൻ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ‘ധൂമം’ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫഹദ് കുറിച്ചതിങ്ങനെ, ‘എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും, മറഞ്ഞു പോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. അതിനാൽ ഈ സസ്പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സവാരിക്കായി നിങ്ങളും ഒരുങ്ങിക്കോളൂ’-എന്നാണ്.
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയ്ക്ക് ശേഷം ഫഹദും അപർണ ബാലമുരളിയും ഒന്നിക്കുന്ന അടുത്ത ചിത്രം കൂടിയാണ് ‘ധൂമം’. റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു അനുമോഹൻ എന്നീ താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഫിലിംസ് നിർമിക്കുന്ന ചിത്രം, മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
വിജയ് കിരഗണ്ടൂർ ആണ് നിർമാണം. പ്രീത ജയരാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കാർത്തിക് വിജയ് സുബ്രഹ്മണ്യം, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, ആർട്ട്: അനീസ് നാടോടി, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
Most Read: ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ; ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ മൽസരിക്കും






































