ന്യൂഡെൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസ് നേതാവ് എസ്എസ് മല്ലികാർജുന്റെ വീട്ടിൽ വെച്ച് ഡികെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജേവാലയും മറ്റു മുതിർന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഷെട്ടർ രാഹുൽ ഗാന്ധിയുമായും ഫോണിൽ സംസാരിച്ചുവെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ ബിജെപി വിട്ടത്. രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി നേതൃത്വം ഷെട്ടറിന് വാഗ്‌ദാനം ചെയ്‌തിരുന്നു.
എന്നാൽ, തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണം എന്നായിരുന്നു ഷെട്ടറിന്റെ നിലപാട്. ഇതിൽ പാർട്ടി വഴങ്ങാതെ വന്നതോടെയാണ് അദ്ദേഹം ബിജെപിയിൽ നിന്ന് രാജിവെച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകാതെ അപമാനിച്ചുവെന്നും ഭരണകക്ഷിയിൽ തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും രാജിവെക്കുന്നതിന് തൊട്ടു മുൻപ് ഷെട്ടർ ആരോപിച്ചിരുന്നു.
‘താൻ ഒരിക്കലും കർക്കശക്കാരൻ അല്ലായിരുന്നു. എന്നാൽ, പാർട്ടി തന്നെ അങ്ങനെ ആക്കാൻ നിർബന്ധിച്ചു. തന്നെ അപമാനിച്ച രീതി പാർട്ടി ഇതുവരെ മനസിലായിട്ടില്ല. പാർട്ടി നേതാക്കൾ എന്നെ അവഗണിച്ച അസ്വസ്‌ഥനാക്കിയെന്നും അതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതെന്നും, മിണ്ടാതെ ഇരിക്കാതെ അവരെ വെല്ലുവിളിക്കുക ആണെന്നും’- ഷെട്ടർ പറഞ്ഞു.
ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഷെട്ടർ ബിജെപി വിട്ടത്. ഇതേ സീറ്റ് നൽകുമെന്നാണ് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ലിംഗായത്ത് നേതാവായ ഷെട്ടർ പാർട്ടിയിലേക്ക് വരുന്നത് ബിജെപി ശക്‌തികേന്ദ്രമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിലെ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് കരുത്തേകും. ആറ് തവണയാണ് ഷെട്ടർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരിക്കുന്നത്.
Most Read: കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് സംയുക്‌ത തൊഴിലാളി പ്രതിഷേധം