കോഴിക്കോട്: മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. ഇന്നലെ അർധ രാത്രിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ച് ഫോൺ സന്ദേശം വന്നത്. തുടർന്ന് പോലീസ് സംഘം വിവിധ ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
ഇന്ന് പുലർച്ചെവരെ ബോംബ് സ്ക്വാഡ് ഉൾപ്പടെയുള്ള സംവിധാനങ്ങളുമായാണ് വിവിധ ടീമുകളായി പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ സന്ദേശം വ്യാജമാണെന്നും തെളിഞ്ഞു. തുടർന്ന് സംഭവത്തിൽ സംശയം തോന്നിയ ഒരാളെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, ആശുപത്രിയിലെ രോഗികൾക്കോ മറ്റ് കൂട്ടിരിപ്പുകാർക്കോ ബോംബ് സന്ദേശത്തെ കുറിച്ച് യാതൊരു സൂചനയും നൽകാതെ ആയിരുന്നു അന്വേഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ആളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
Read Also: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ്







































