കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻകൂർ ജാമ്യ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണമായത്.
അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി, ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശം നൽകി. അടിയന്തിരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കര പോലീസ് എടുത്ത വ്യാജരേഖ കേസിൽ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജൻ സ്കറിയയെ ഇന്ന് തന്നെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന് വർഷം മുമ്പ് സംഭവത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി പോലും നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെന്നും എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി പികെ മോഹൻദാസ് നിരീക്ഷിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയാണ് ഷാജൻ സ്കറിയയോട് നിലമ്പൂരിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. മാത്രമല്ല, ജില്ലാ കോടതിയുടെ പരിഗണനയിലാണ് മുൻകൂർ ജാമ്യഹർജി. ഇതൊന്നും മുഖവിലക്ക് എടുക്കാതെ കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പോലീസ് ചെയ്തതെന്നും കോടതി വിമർശിച്ചു.
ബിഎസ്എൻഎൽ ടെലിഫോൺ ബില്ലുകൾ വ്യാജമായി നിർമിച്ചു രജിസ്റ്റർ ഓഫ് കമ്പനീസിനെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഷാജൻ സ്കറിയയെ തൃക്കാക്കര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഷാജൻ സ്കറിയ ഇന്ന് ഹാജരായിരുന്നു. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെയാണ് തൃക്കാക്കര പോലീസ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്.
Most Read| താനൂർ കസ്റ്റഡി മരണം; പ്രതിപട്ടികയിൽ പോലീസ് ഉദ്യോഗസ്ഥർ