അബുദാബി: ഓൺലൈനിൽ വ്യാജ തൊഴിൽ പരസ്യം നൽകി തട്ടിപ്പു നടത്തുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. പ്രമുഖ കമ്പനികളുടെ പേരുകൾ ഉപയോഗിച്ച് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്നുണ്ടെന്നും നിരവധി തൊഴിലന്വേഷകരാണ് ഇത്തരത്തിൽ പറ്റിക്കപ്പെട്ടതെന്നും അബുദാബി പൊലീസ് പറഞ്ഞു.
ഇല്ലാത്ത തൊഴിലവസരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും വ്യാജ വെബ്‌സൈറ്റുകൾ വഴിയും പരസ്യം ചെയ്താണ് പ്രചരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം നിരവധിപ്പേർക്ക് ജോലി നഷ്ടമായ സാഹചര്യം മുതലെടുത്താണ് ഇത്തരക്കാർ തട്ടിപ്പു നടത്തുന്നത്. പ്രമുഖ കമ്പനികൾക്ക് വേണ്ടി ആളുകളെ എടുക്കാൻ നിയുക്തരായ ഏജന്റുമാരാണെന്ന് പരിചയപ്പെടുത്തി ഉദ്യോഗാർത്ഥികളെ സമീപിക്കുകയും അവരിൽ നിന്ന് വൻതുക കൈപ്പറ്റുകയും ചെയ്യും. ഒടുവിൽ പറഞ്ഞ ജോലി കിട്ടാതെയാവുമ്പോൾ മാത്രമായിരിക്കും തട്ടിപ്പാണെന്ന വിവരം തിരിച്ചറിയുന്നത്.
യു.എ.ഇയിൽ താമസിക്കുന്നവർക്ക് മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇത്തരത്തിൽ കബളിപ്പിക്കുന്നതായി പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. തൊഴിലവസരങ്ങൾ സംബന്ധിച്ചുള്ള പരസ്യങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കിയ ശേഷമേ മുന്നോട്ട് പോകാവൂ എന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും രണ്ടര ലക്ഷം മുതൽ 10 ലക്ഷം വരെ ദിർഹം പിഴയുമാണ് യു.എ.ഇയിൽ ശിഷ.
(This is a demo news content for testing purposes)